അതി പ്രശസ്തനായ ഒരു അധ്യാപകനും, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, ലോകോത്തര തത്ത്വചിന്തകനുമായിരുന്ന ഡോ: സർവ്വേപ്പിള്ളി രാധാകൃഷ്ണൻ്റെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ സാമൂഹ്യ സാമ്പത്തിക പദവികൾ ഉയർത്തുകയും, അവരുടെ കഴിവുകൾ പരമാവധി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിൻ്റെ മുഖ്യ ലക്ഷ്യം. ഡോ എസ്.രാധാകൃഷ്ണൻ രാഷ്ട്രപതി ആയ സമയത്ത് അദ്ദേഹത്തിൻ്റെ ശിഷ്യരും, സുഹൃത്തുക്കളും, അദ്ദേഹത്തെ സമീപിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ്റെ ജന്മദിനമായ സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തെ അറിയിക്കുകയുണ്ടായി. അപ്പോൾ അവരോട് എൻ്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം സെപ്റ്റംബർ 5 മുഴുവൻ അധ്യാപകർക്കും വേണ്ടി അധ്യാപക ദിനമായി ആഘോഷിക്കാമെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്.