തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത്. കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.
യുവാവിന് മങ്കിപോക്‌സ് ആണെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. ഇദ്ദേഹം യുഎഇയിലായിരുന്നു. അവിടെ 19, 20 തിയതികളിലാണ് മങ്കിപോക്‌സ് പരിശോധന നടത്തിയത്. ഇത് പോസിറ്റീവ് ആയിരുന്നു. ഈ വിവരം മറ്റാരോടും പറയാതെയാണ് യുവാവ് നാട്ടിലേക്ക് വന്നത്. നാട്ടില്‍ നെടുമ്പാശേരിയിലാണ് വിമാനം ഇറങ്ങിയത്. 22ാം തിയതി വീട്ടിലെത്തി. ഇവിടെ രണ്ട് ദിവസം കഴിഞ്ഞിരുന്നു. യുവാവിന് മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് കുരുക്കള്‍ ഉണ്ടായിരുന്നില്ല.
കഴലവീക്കവും തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അപസ്മാരവുമാണ് ഉണ്ടായിരുന്നത്.
ഇതിനിടെ ഇയാള്‍ കൂട്ടുകാരുമൊത്ത് കളിക്കാനും മറ്റുമായി പുറത്ത് പോയിരുന്നു. ഒടുവില്‍ ന്യൂമോണിയ ബാധിച്ച് 27ാം തിയതി ഇയാള്‍ കുഴഞ്ഞു വീണു.
ആദ്യം ചാവക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി ഗുരുതരമാവുകയും, ശനിയാഴ്ച മരിക്കുകയുമായിരുന്നു.
അന്തരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. യുവാവിന്‍റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെടും.