കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രങ്ങള്‍ സർക്കാർ പുറത്തുവിട്ടു. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ മന്ദിരം ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. 2020ൽ 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രോജക്ട്‌സിന് പദ്ധതിയുടെ കരാർ ലഭിച്ചത്. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം.