തൃക്കാക്കരയില്‍ നെഞ്ചിടിപ്പിന്‍റെ മണിക്കൂറുകളിലൂടെയാണ് സ്ഥാനർത്ഥികളും പ്രവർത്തകരും . നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുന്നത്. പോളിങ്ങ് കുറഞ്ഞത്, ഗുണകരമാകുമെന്ന് ഇരുമുന്നണികളും പറയുന്നുണ്ടെങ്കിലും എൻ.ഡി.എ നേടുന്ന വോട്ടുകൾ ഇരുവർക്കും നിർണായകമായേക്കുമെന്ന വിലയിരുത്തലുകളും മുന്നണികൾക്കുണ്ട്. 68.77 ശതമാനം പോളിങ്ങ് എന്നത് മുന്നണികളെ ആശ്വസിപ്പിക്കുന്നതിനൊപ്പം ആശങ്കപ്പെടുത്തുന്നുമുണ്ട്. പോൾ ചെയ്ത 1,35, 342 വോട്ടും എത്ര കിട്ടും എന്ന് എണ്ണി തുടങ്ങും മുൻപ് വീണ്ടും അവസാനമായി മൂവരും കൂട്ടി നോക്കുന്നതിരക്കിലാണ്. ആദ്യം കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളും തുടർന്ന് തൃക്കാക്കര മുനിസിപാലിറ്റി വാർഡുകളും എന്നതാണ് ക്രമം. കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി, പോണേക്കര, ദേവൻകുളങ്ങര എന്നിവയിൽ തുടങ്ങും. ആദ്യ റൗണ്ടിൽ എണ്ണി തുടങ്ങുന്ന ഇടപ്പള്ളി എൽഡിഎഫിന്‍റെ ശക്തി കേന്ദ്രമാണ്. ആദ്യ റൗണ്ടിൽ ലീഡ് ആര് നേടും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ആർക്ക് എന്നുള്ളത്. കനത്ത സുരക്ഷയാണ് മഹാരാജാസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.