നല്ല ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് ഉറക്കമാണ്. ഭക്ഷണം, വ്യായാമം എല്ലാം പോലെ ശരീരത്തിന് നല്ല ഉറക്കവും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇന്ന് മാർച്ച് 19. ഒരു കൂട്ടം മെഡിക്കൽ പ്രൊഫഷണലുകൾ ചേർന്നാണ് ഈ ദിനം ആരംഭിച്ചത്. ലോക ഉറക്ക ദിനം. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ഒരാളുടെ ആരോഗ്യത്തെ തന്നെ തകിടം മറിക്കും. നല്ല ഉറക്ക ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ മെഡിക്കൽ പ്രൊഫഷണലുകൾ ഒരുമിച്ച് ചേർന്ന് ദി വേൾഡ് സ്ലീപ്പ് സൊസൈറ്റി രൂപീകരിച്ചു. ‘നല്ല ഉറക്കം, സൗണ്ട് മൈൻഡ്, ഹാപ്പി വേൾഡ്’ എന്നതാണ് ഉറക്ക ദിനത്തിലെ ഈ വർഷത്തെ പ്രമേയവും മുദ്രാവാക്യവും.
ഇന്ന് നമ്മൾ ഏറെ കേൾക്കുന്ന ഒന്നാണ് ഉറക്കമില്ലായ്മ. ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഇന്ന് വ്യാപകമാണെന്ന് ആരോഗ്യ പ്രവർത്തകരും പറയുന്നു. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കമില്ലായ്മ കൊണ്ട് സംഭവിക്കാം. മാത്രവുമല്ല ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഉറക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ആരോഗ്യവിദഗ്ധരെ സമീപിക്കുക. നമ്മുടെ ജീവിത രീതിയിലെ ചെറിയ മാറ്റങ്ങൾ കൊണ്ടുതന്നെ ഒരുപരിധി വരെ നമുക്ക് ഇതിനെ മറികടക്കാൻ സാധിച്ചേക്കാം.