ഇന്ന് ലോക വദനാരോഗ്യദിനമാണ് അഥവാ World Oral Health Day .‘നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം. അതായത് മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യവും ശരിയായ ദന്ത ശുചിത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ലോകം മുഴുവൻ ഇന്നത്തെ ദിവസം ‘Be Proud of Your Mouth’എന്ന തീമിൽ ഒരുമിച്ചു നിൽക്കുന്നത്. ദന്ത ശുചിത്വമില്ലായ്‌മ പല്ലുകേടു വരുന്നതിനും വായ്നാറ്റത്തിനും മോണരോഗങ്ങൾക്കും കാരണമാകുന്നുവെന്ന് മാത്രം കരുതരുത്. ഒരാളുടെ ആരോഗ്യം എന്നാൽ ശാരീരികവും മാനസികവും ആയ ആരോഗ്യം ആണ്. ഇതാകട്ടെ അയാളുടെ വായുമായും പല്ലുകളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.ഇഷ്ട്ടപ്പെട്ട ഭക്ഷണരീതി മാറുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യം എത്രയായിരിക്കും? അതോടൊപ്പം പല്ലുകളുടെ അഭാവം പലപ്പോഴും ചവച്ചരച്ചു കഴിക്കുന്നതിൽ നിന്നു നമ്മെ തടയുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.ഒപ്പം തന്നെ വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ സ്ത്രീകളില്‍ മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനും കാരണമായേക്കാം. അതായത് ആരോഗ്യകരമായ വായ, മോണ, പല്ലുകൾ എന്നിവയിലൂടെ നമ്മുടെ ശാരീരിക ആരോഗ്യവും മാനസിക സന്തോഷവുമാണ് നമ്മൾ കാത്തുസൂക്ഷിക്കുന്നത്. ഇന്നത്തെ ദിവസം മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും അത് കൃത്യമായി ചെയ്യുണം എന്ന് ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.