ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്സോ നിയമപ്രകാരം ശിക്ഷിച്ചുകൊണ്ട് തൃശ്ശൂർ അതിവേഗ കോടതി വിധി പറഞ്ഞു. ആമ്പല്ലൂർ വില്ലേജിൽ ജോസഫ് മകൻ രാജു കൊക്കനെ(49)യാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.പോക്സോ നിയമം 10,9 (f, m, P) വകുപ്പുകൾ പ്രകാരം 7 വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിന്നുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി 5 മാസം കൂടി അനുഭവിക്കേണ്ടിവരും. പിഴയടക്കുന്ന പക്ഷം പിഴ തുക ക്രിമിനൽ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നൽകണമെന്ന് വിധിന്യായത്തിൽ പരാമർശമുണ്ട്.2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. കൂർബാന ക്ലാസ്സിലെ കുട്ടികളും, അദ്ധ്യാപകരും, പുരോഹിതരും കേസ്സിൽ സാക്ഷികളായിരുന്നു. മൊബൈൽ ഫോൺ വഴി എടുത്ത ഫോട്ടോകൾ കേസ്സിൽ നിർണ്ണായകമായ തെളിവുകളായിപരിഗണിച്ചുകൊണ്ടാണ് കേസ്സ് തീർപ്പാക്കിയത്.സമൂഹത്തിൽ ആദരവർഹിക്കുന്ന തികച്ചും മാതൃകാപരമായി പ്രവർത്തിക്കേണ്ട ഒരു ആരാധനാലയത്തിലെ പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണെന്ന് വിലയിരുത്തിയ കോടതി പ്രതി അക്കാരണത്താൽ തന്നെ പരിഗണന അർഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 18 സാക്ഷികളെയും 24 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി തൃശ്ശൂർ ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ. പി. അജയ് കുമാർ ഹാജരായത്.