കേരളത്തിലെ സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനവും, ഒമ്പതാമത് സമൂഹവിവാഹവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്നും, സമൂഹത്തിൻ്റെ മുൻനിരയിലേക്ക് ഭിന്നശേഷിക്കാരെ കൊണ്ടുവരുന്നതിനുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇടതുമുന്നണി സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹവിവാഹത്തിൽ ഭിന്നശേഷിയുള്ള പതിനാല് യുവതീയുവാക്കളുടെ വിവാഹം നടന്നു.
ഗുരുസ്ഥാനത്ത് നിന്ന് മന്ത്രിയാണ് അവർക്ക് താലിമാല എടുത്തു നൽകിയത്.
തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഖാദർ നാട്ടിക അധ്യക്ഷത വഹിച്ചു.
എം എൽ എ പി ബാലചന്ദ്രൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, കേരള ഹാൻഡിക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ, വധൂവരന്മാരുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.