നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഇ.ബി ഫൈസലാണ് (52) മരിച്ചത്. ഇരിങ്ങാലക്കുട തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് വാഹനാപകടമുണ്ടായത്.വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ ഓഫീസ് കാര്യങ്ങൾക്കായി തൃശൂരിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അപകട സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു.കോട്ടപ്പുറം എടവനക്കാട് വീട്ടിൽ ബാവു- ഫാത്തിമ ബീവിയുടെ മകനാണ്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്. ഭാര്യ: ശൈലജ. മെഡിക്കൽ വിദ്യാർത്ഥിയായ ഫയാസും നഴ്‌സിംഗ് വിദ്യാർത്ഥിയായ ഫെബിനുമാണ് മക്കൾ.