ദുബൈ വഴി ബ്രിട്ടണിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് പോലീസും എമിഗ്രേഷൻ ഉദ്യോഗസ്ഥരും അദ്ദേഹത്തെ തടഞ്ഞത് . ബിഷപ് റസാലത്തെ, ഇ.ഡി ചോദ്യം ചെയ്യുകയും ബിഷപ്പ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിൽ ഹാജരാകാൻ ബിഷപ് റസാലത്തോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പരിശോധന നടത്തിയ ഇ.ഡി, ബിഷപ് ധർമരാജ് റസാലത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ബിഷപ് ധർമരാജ് റസാലം ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയതും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനമായ എൽ.എം.എസിന് പുറമെ സഭക്ക് കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജ്, സെക്രട്ടറി ടി.പി. പ്രവീണിന്റെ വീട്, കോളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യത്തിന് സമീപമുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ വെള്ളറട പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നേരത്തേ ഹൈകോടതിയിൽ ഹരജി എത്തിയിരുന്നു. അന്വേഷണം ഏറ്റെടുക്കാൻ ഇ.ഡിയോട് നിർദേശിക്കണമെന്നതായിരുന്നു ആവശ്യം. കേസ് പരിഗണിക്കവെ ഹൈകോടതി വലിയ തിമിംഗലങ്ങൾ രക്ഷപ്പെടരുതെന്ന് പരാമർശിച്ചിരുന്നു. സി.എസ്.ഐ ആസ്ഥാനത്ത് പരിശോധന നടക്കുന്നതിനിടെ സമാന്തരമായി മറ്റിടങ്ങളിലും പരിശോധന നടക്കുകയായിരുന്നു. സി.എസ്.ഐ ആസ്ഥാനത്ത് ഇ.ഡി പരിശോധന നടക്കുന്നതായി അറിഞ്ഞ് ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ആസ്ഥാനത്തിന് മുന്നിൽ എത്തിയിരുന്നു.സഭയെ തകർക്കാനും വിശ്വാസികളെ തെറ്റിധരിപ്പിക്കാനും ചിലർ നടത്തുന്ന ശ്രമത്തിന്റെ ഫലമായാണ് ഇ.ഡി പരിശോധന നടന്നതെന്നും ബിഷപ്പിനെതിരെ ഒരു തെളിവും ഇ.ഡിക്ക് ലഭിച്ചില്ലെന്നും സഭാധികൃതർ പറഞ്ഞു