ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയാറാം ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്നത് 559 അംഗ ടീം. 436 കായികതാരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് സംഘം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭവ്നഗർ എന്നിവിടങ്ങളാണ് വേദി. സൈക്ലിങ് മത്സരങ്ങൾമാത്രം ന്യൂഡൽഹിയിലാണ് നടക്കുന്നത്. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗെയിംസ് നടക്കുന്നത്. 2015-ൽ കേരളത്തിലായിരുന്നു അവസാനത്തെ ദേശീയ ഗെയിംസ്.26 കായികയിനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. അത് ലറ്റിക്സ്, നീന്തൽ, അമ്പെയ്ത്ത്, ബാഡ്മിന്റൺ, സൈക്ലിങ് (റോഡ്, ട്രാക്ക്), നെറ്റ്ബോൾ, റഗ്ബി, ഖോ-ഖോ, റോളർ സ്കേറ്റിങ്, ഭാരോദ്വഹനം, ഫെൻസിങ്, ഗുസ്തി, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ ഫുട്ബോൾ, ബോക്സിങ്, സോഫ്റ്റ്ബോൾ, സോഫ്റ്റ് ടെന്നീസ്, ജൂഡോ, വുഷു, ട്രയാത്തലൺ, കനോയിങ്, കയാക്കിങ്, സ്ക്വാഷ്, വോളിബോൾ എന്നിവയിലാണ് കേരളം ഇറങ്ങുന്നത്. ഒൻപത് സംഘങ്ങളായാണ് കേരളതാരങ്ങൾ ഗുജറാത്തിലേക്ക് യാത്രയാവുക.കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കറായിരിക്കും ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തുക. ഒളിമ്പ്യൻ വി. ദിജുവാണ് ടീമിന്റെ ചുമതലയുള്ള ചെഫ്- ഡി-മിഷൻ. കെ.എഫ്.എ. സെക്രട്ടറി പി. അനിൽകുമാർ, അത് ലറ്റിക് അസോസിയേഷൻ അംഗം ഡോ. സ്റ്റാലിൻ റാഫേൽ, റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ. ജയകൃഷ്ണൻ എന്നിവരാണ് ഡെപ്യൂട്ടി ചെഫ് ഡി മിഷൻമാർ. സെപ്റ്റംബർ 27 മുതൽ കേരള ഒളിമ്പിക് അസോസിയേഷന്റെ കോ-ഓർഡിനേഷൻ ഓഫീസ് അഹമ്മദാബാദിൽ പ്രവർത്തനം ആരംഭിക്കും.2015-ൽ 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവും ഉൾപ്പെടെ 162 മെഡൽ നേടി രണ്ടാം സ്ഥാനമാണ് ആതിഥേയരായ കേരളത്തിനു നേടാനായത്.91 സ്വർണം നേടിയ സർവീസസായിരുന്നു ചാമ്പ്യന്മാർ. ആറ് സ്വർണവും രണ്ട് വെള്ളിയും അടക്കം എട്ട് മെഡൽ നേടിയ കേരളത്തിന്റെ നീന്തൽതാരം സജൻ പ്രകാശ് ഗെയിംസിന്റെ താരമായി. സജൻ ഇക്കുറിയും ഗെയിംസിൽ മാറ്റുരയ്ക്കുന്നുണ്ട്.