തൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡിനടുത്ത് നിൽക്കുകയായിരുന്നയാളെ ആക്രമിച്ച് കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാലയും വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർന്ന പ്രതികൾ അറസ്റ്റിൽ. അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക് (33),കയ്പ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (27) എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഷാഡോ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ജനുവരി 27ന് പുലർച്ചെ അഞ്ചോടെ ബസ് സ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയെയാണ് പ്രതികൾ ദേഹോപദ്രവമേൽപ്പിച്ചത്. തുടർന്ന് വാഹനത്തിന്റെ താക്കോലും, സ്വർണ്ണമാലയും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയായിരുന്നു.പ്രതികൾ രണ്ടുപേരും ഒരുമിച്ചെത്തി ഇദ്ദേഹത്തോട് സംസാരിച്ച ശേഷം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയാണ് ചെയ്തത്. എസ്.ഐ എ.ആർ. നിഖിൽ, പി.എം റാഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ പഴനിസ്വാമി, സിവിൽ പൊലീസ് ഓഫീസർമാരായ ഇ.സി സുധീർ, അതുൽ ശങ്കർ, പി.ഹരീഷ് കുമാർ, വി.ബി ദീപക്, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് രണ്ട് പ്രതികളെയും പിടികൂടിയത്.