ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും ഒഡിഷ- ആന്ധ്ര പ്രദേശത്ത് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവര്‍ഷക്കാറ്റുകളുമാണ് മഴ ശക്തിപ്രാപിക്കാന്‍ കാരണം. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ഇന്നലെ 10 വീടുകൾ ഭാഗികമായി തകർന്നു.
കോഴിക്കോട് താലൂക്കിലെ ഒരു വീടിനും വടകരയിലെ നാലും കൊയിലാണ്ടി താലൂക്കിലെ അഞ്ച് വീടുകൾക്കുമാണ് നാശനഷ്ടമുണ്ടായത്. കനത്ത മഴയെ തുടർന്ന് മേപ്പയൂരിലെ കുരുടൻ ചേരി കെ.സി.കുഞ്ഞമ്മതിൻ്റെ വീടിൻ്റെ അടുക്കള ഭാഗം തകർന്നു. ചെറുവണ്ണൂരിൽ മരം വീണ് രവീന്ദ്രൻ പെരിയക്കമണ്ണിൽ എന്നയാളുടെ വീടിന് നാശനഷ്ടമുണ്ടായി. വളയം വില്ലേജിലെ കുഞ്ഞി പറമ്പത്ത് ദേവിയുടെ വീട് ഭാഗികമായി തകർന്നു. ഏറാമല വില്ലേജിലെ ഓർക്കാട്ടേരി പോളാംകുറ്റി നാണിയുടെ വീടിനോട് ചേർന്നുള്ള കിണറിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു.