സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്സി ആപ്ലിക്കേഷനായ ‘കേരള സവാരി’ ഇതുവരെ പ്രവര്‍ത്തന സജ്ജമായില്ല. ബുധനാഴ്ച രാത്രി 12 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു തൊഴില്‍ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും കേരള സവാരി ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായിട്ടില്ല.
കേരള സര്‍ക്കാര്‍ അഭിമാനത്തോടെ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു കേരള സവാരി ആപ്പ്. ആദ്യമായിട്ടായിരുന്നു രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി ആപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തത്. പിന്നാലെ പ്ലേ സ്റ്റോറിൽ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അറിയിച്ച സമയം പിന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആപ്പ് ഇതുവരെ ലഭ്യമായില്ല. എന്തുകൊണ്ടാണ് ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകാന്‍ വൈകുന്നത് എന്ന കാര്യത്തിനും അധികൃതര്‍ ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
ആപ്പിന്റെ പ്രവര്‍ത്തനം വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ജീവനക്കാര്‍ക്ക് ആപ്ലിക്കേഷനില്‍ കയറാന്‍ സമയം വേണമെന്നായിരുന്നു നേരത്തെ മറുപടി നല്‍കിയിരുന്നത്. അതായത്, പദ്ധതി പ്രകാരം കേരള സവാരിയില്‍ 571 വാഹനങ്ങളാണ് ഉള്ളത്. അവര്‍ക്ക് ആദ്യം ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ടെന്നും അതിന് ശേഷമായിരിക്കും ഉപഭോക്താക്കള്‍ക്ക് ഈ ആപ്പ് ലഭിക്കുക എന്നായിരുന്നു തൊഴില്‍ വകുപ്പ് അറിയിച്ചത്.