കോഴിക്കോട് നഗരത്തിൽ ബസുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഒരേ റൂട്ടിലോടുന്ന രണ്ട് ബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്.
കോഴിക്കോട് സിറ്റി സ്റ്റാൻഡിലേക്ക് ആദ്യം സിറ്റി ബസെത്തുകയും അൽപ്പ സമയത്തിന് ശേഷം ലൈൻ ബസ് വരുകയും ചെയ്തു. ഈ ബസ് സ്റ്റോപ്പിൽ അധികസമയം നിർത്തിയിട്ടെന്നാരോപിച്ചാണ് വാക്കേറ്റം ആരംഭിച്ചത്. ഇതിന് പിന്നാലെ ബസ് നിർത്തിയിട്ട് ജീവനക്കാർ റോഡിലിറങ്ങി തല്ലുകയായിരുന്നു. തർക്കത്തിനിടെ ഡ്രൈവറുടെ മുഖത്ത് സിറ്റി ബസിലെ ജീവനക്കാരൻ അടിച്ചു. പത്ത് മിനിട്ടോളം സംഘർഷം നീണ്ടുനിന്നു. തുടർന്ന് വലിയ കയ്യാങ്കളിയിലേക്ക് സംഭവം മാറുകയായിരുന്നു. യാത്രക്കാർ ഇടപെട്ടാണ് ജീവനക്കാരെ പിടിച്ച് മാറ്റിയത്.
സംഭവത്തിൽ ഇരു ബസുകൾക്കും പരാതി ഇല്ല. എന്നാൽ പൊതു സ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും റോഡ് തടസ്സപ്പെടുത്തിയതിനും ടൗൺ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ടു ബസുകളും പോലീസ് പിടികൂടിയിട്ടുണ്ട്. ബസുകളുടെയും പെർമിറ്റ് റദ്ദു ചെയ്യുന്നതിന് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും എ.സി.പി നിർദ്ദേശിച്ചു.