അത്താണി – പുതുരുത്തി റോഡ് നവീകരണ പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതിയായിട്ടുണ്ടെന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റലപ്പിള്ളി . അത്താണിയിൽ നിന്നും ആരംഭിച്ച് അമ്പലപുരം – ആര്യംപാടം വഴി പുതുരുത്തിയിൽ എത്തിച്ചേരുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളിൽ ഒന്നായ അത്താണി – പുതുരുത്തി റോഡ് ബി.എം & ബി.സി നിലവാരത്തിൽ നവീകരണം പൂർത്തീകരിക്കുന്നതിനായാണ് 4 കോടി 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതെന്ന് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ജനപ്രതിനിധികളുടേയും, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് എം.എൽ.എ പറഞ്ഞത്. അത്താണി – പുതുരുത്തി റോഡിൽ അത്താണി മുതൽ ആര്യംപാടം വരെയും പുതുരുത്തി LIC റോഡ് മുതൽ പുതുരുത്തി പള്ളി വരെയുമുള്ള 3.9 കിലോമീറ്റർ ദൂരം റോഡാണ് ബി.എം & ബി.സി നിലവാരത്തിൽ ഉയർത്താൻ ബാക്കിയുള്ളത്. ഈ ഭാഗം ബി.എം & ബി.സി നിലവാരത്തിൽ ഉയർത്തുന്നതിന് വേണ്ടിയാണ് 4.5 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഈ പ്രവൃത്തി നടക്കുന്നതോടെ അത്താണി – പുതുരുത്തി റോഡ് പൂർണ്ണമായും ബി.എം. & ബി.സി നിലവാരത്തിലാകും. നിർദ്ദിഷ്ട നിർമ്മാണ പ്രവൃത്തിയെപ്പറ്റി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് അടുത്ത ദിവസം റോഡ് പൂർണമായി സൈറ്റ് വിസിറ്റിങ് നടത്താൻ യോഗത്തിൽ തീരുമാനിച്ചു. തുടർന്ന് പ്രവൃത്തിയുടെ ഫൈനൽ എസ്റ്റിമേറ്റ് ആഗസ്റ്റ് 25 ന് മുമ്പായി സമർപ്പിക്കണമെന്നും റോഡ് നിർമ്മാണ പ്രവർത്തനം നടക്കുന്നിടത്തെ കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനായി പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പുതുതായി നിർമ്മിക്കുന്ന 3 കൾവർട്ടുകൾ, വീതി കൂട്ടുന്ന ഒരു കൾവർട്ട്, അമ്പലപുരം പാറത്തോട് പാലം, മാറ്റി സ്ഥാപിക്കേണ്ട ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ സൈറ്റ് വിസിറ്റിങിൻ്റെ ഘട്ടത്തിൽ പ്രത്യേകം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ അനൂപ് കിഷോർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എ. എം ജമീലാബി, നഗരസഭ കൗൺസിലർമാരായ മധു അമ്പലപുരം, സേവ്യർ മണ്ടുംപാല, ജിൻസി ജോയ്സൻ, ഉഷ രവീന്ദ്രൻ, പി ബി ബിജീഷ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി ഐ സെബാസ്റ്റ്യൻ, അസിസ്റ്റൻ്റ് എൻജിനീയർ ഹാപ്പി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും നിർമ്മാണ പദ്ധതിയുടെ അന്തിമ രൂപം തയ്യാറാക്കുകയെന്നും എന്ന് എം.എൽ.എ അറിയിച്ചു.