രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ വടക്കേക്കാട് എം ആൻഡ് ടി ഹാളിൽ ചേർന്ന നേതൃകൺവെൻഷനാണ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ അവസാനിച്ചത്. ടി.എൻ പ്രതാപൻ എം.പിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ഒരുകൂട്ടം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു. ഇതോടെ യോഗത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. കെ.പി.സി.സി, ഡി.സി.സി നേതാക്കൾ, നിയോജകമണ്ഡലത്തിലെ രണ്ടുബ്ലോക്കുകളായ ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്കുകളുടെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മണ്ഡലം പ്രസിഡണ്ടുമാർ, ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ടുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ല ബ്ലോക്ക് ഭാരവാഹികൾ, കോൺഗ്രസ് ജനപ്രതിനിധികൾ, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ്, സേവാദൾ, ന്യൂനപക്ഷ, ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ്, പ്രവാസി കോൺഗ്രസ് തുടങ്ങിയ പോഷകസംഘടനകളുടെ നേതാക്കളെയും ഭാരവാഹികളെയുമായിരുന്നു യോഗത്തിൽ പങ്കെടുക്കാനായി അറിയിച്ചിരുന്നത്എന്നാൽ യോഗത്തിലേക്ക് പുന്നയൂർക്കുളം, അണ്ടത്തോട് മേഖലകളിൽ നിന്നുള്ള നേതാക്കൾ പ്രതിഷേധവുമായി എത്തിയതാണ് തർക്കത്തിനിടയാക്കിയത്. പ്രതിഷേധക്കാരും യോഗത്തിലുള്ളവരും തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലുമായതോടെ യോഗം അവസാനിപ്പിച്ച് നേതാക്കൾ രക്ഷപ്പെടുകയായിരുന്നു.